Friday, February 7, 2014

പ്രിയ ഗന്ധര്‍വ്വനെ തേടി




എന്നുമുതലാണ്, ആ പേര്, ശ്രദ്ധിക്കാന്‍ തുടങ്ങിയത്... സാഹിത്യത്തിന്‍റെ പഠന ക്ലാസ്സുകളില്‍ സര്‍ പറഞ്ഞ ഒരു കഥയുണ്ട് പി പദ്മരാജനെ കുറിച്ച്. തന്‍റെ ചിത്രങ്ങളിലുള്ള ലൈംഗികതയുടെ കാഴ്ച്ച അത് സിനിമയ്ക്കു അനുയോജ്യമായതു തന്നെ ആണെന്ന്. ഇതുപോലെയുള്ല സിനിമകളില്‍ മകനെ കൊണ്ടു പോകുന്നത് എന്തെന്നുള്ള ആരുടേയോ ചോദ്യത്തിന്, അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രേ, നല്ലതും ചീത്തയും കണ്ടു തന്നെ കുട്ടികള്‍ വളരണം. മറച്ചു വയ്ക്കേണ്ട ഒന്നല്ല ലൈംഗിക വിദ്യാഭ്യാസം. അതിന്‍റെ കുറവ് നമ്മുടെ നാട്ടില്‍ കാണുവാനുമുണ്ട്, അതുകൊണ്ടു തന്നെ ആ വാക്കുകള്‍ എന്തോ മനസ്സില്‍ വല്ലാതെ തറഞ്ഞു. പണ്ട് ഓര്‍മ്മയുറയ്ക്കും മുന്‍പ് ഒരിടത്തൊരു ഫയല്‍വാന്‍ , ദേശാടനക്കിളി കരയാറില്ല(കഥ) , തിങ്കളാഴ്ച്ച നല്ല ദിവസം എന്നിവയൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഓര്‍മ്മകളില്‍ അത്ര സുഖമുള്ള മുഖമില്ല.

പിന്നീട് പലതിന്‍റേയും ആവര്‍ത്തന കാഴ്ച്ചയില്‍ പലതും നിറഞ്ഞു. ബുദ്ധിജീവിസത്തിന്‍റെ വല്ലാത്തൊരു താഴ്വരയിലായിരുന്നല്ലോ അന്ന് ഞങ്ങളില്‍ പലരും. അവിടുന്നും ഇവിടുന്നുമൊക്കെ വിഡ്ഡീ, മന്ദബുദ്ധീ എന്നീ വിളികളൊക്കെ എടുത്തു കളയുവാന്‍ കണ്ടുപിടിച്ചൊരു മാര്‍ഗ്ഗമായിരുന്നു ആ കപടബുദ്ധിജീവിത്തവും.അതിനിടയിലേയ്ക്കാണ്, പദ്മരാജന്‍ എന്ന ജീനിയസ് കടന്നു വന്നത്.
പിന്നീട് മറ്റെവിടെയോ വച്ച് "ഞാന്‍ ഗന്ധര്‍വ്വന്‍" കാണുമ്പോള്‍ ഓര്‍ത്തത് അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ചായിരുന്നു. എന്‍റെ കൌമാരം അദ്ധേഹത്തിന്‍റെ നല്ല സിനിമകളില്‍ അലിയിക്കാന്‍ കഴിയാത്തതോര്‍ത്തു വിഷമിച്ചു ഏറെ. 

ഗന്ധര്‍വ്വനായി ഭൂമിയില്‍ ചില സമയങ്ങളില്‍ ചില ജന്‍മങ്ങള്‍ പെയ്തിറങ്ങും. പലതും ചെയ്യും. അവയിലൊക്കെ ദൈവത്തിന്‍റെ കയ്യൊപ്പുമുണ്ടാകും. പാവം മനുഷ്യ ഹൃദയങ്ങളിലേയ്ക്ക് അവയൊക്കെയും തറഞ്ഞിറങ്ങുകയും ചെയ്യും. പിന്നീട് ആരോടും പറയതെ പെട്ടെന്നൊരു ദിവസം അങ്ങു മറഞ്ഞു പോകും. നാലാം യാമത്തിലെ കാറ്റ് വന്ന ഗന്ധര്‍വ്വനെ അപ്രത്യക്ഷ്നാക്കിയതു പോലെ അവര്‍ പിന്നെ പ്രത്യക്ഷരാവില്ല...
ആ ഇഷ്ടത്തിന്‍റെ ആഴത്തിലാണ്, പദ്മരാജന്‍റെ ഭാര്യ രാധാലക്ഷമി ചേച്ചിയെ പരിചയപ്പെടുന്നത്. കണിക്കൊന്നയുടെ ഒരു പ്രോഗ്രാമിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ വരുകയും ചെയ്തു. ഒന്നു തൊടാന്‍ കൊതിയായിരുന്നു കണ്ടപ്പോള്‍. ഗന്ധര്‍വ്വനെ തൊടുന്ന അതേ ഇഷ്ടത്തോടെയും കരുതലോടെയും അദ്ദേഹത്തിന്‍റെ പത്നിയേയും തൊട്ടു. പലപ്പോഴും ഫോണില്‍ സംസാരിക്കുമ്പോള്‍ ശബ്ദമിടറി. പ്രിയപ്പെട്ട പുസ്തകം ഒപ്പിട്ടു നല്‍കിയപ്പോള്‍ ഹൃദയം നിറഞ്ഞു.

അന്നാദ്യമായിരുന്നു ആ വീട്ടില്‍ ഞാന്‍ കാലു വച്ചത്. ചന്ദനത്തിന്‍റെ മണമുള്ള ഒരു കാറ്റ് അവിടൊക്കെ കരങ്ങി നടക്കുന്നുണ്ടെന്‍ സംശയം തോന്നി. രാധചേച്ചിയോടൊപ്പം പദ്മരാജന്‍ മാഷുടെ വീട്ടില്‍...
മതിലില്‍ പടര്‍ന്നു നില്‍ക്കുന്ന ചെടിയില്‍ ആ കൈവിരല്‍ സ്പര്‍ശം ഉണ്ടാകില്ലേ...
റോസാ ചെടിയില്‍ ആ നിശ്വാസമുണ്ടാകില്ലേ...
ഓരോന്നും കണ്ടത് കണ്ണുകൊണ്ടായിരുന്നില്ല.. ഹൃദയം കൊണ്ടായിരുന്നു. 
പിന്നെ എത്ര നാള്‍
തൂവാനത്തുമ്പികളും സീസണും, അരപ്പട്ട കെട്ടിയ ഗ്രാമത്തിലും ഒക്കെ കറങ്ങി നടന്നു പിന്നീട്...
പഴയ ഇഷ്ടം ഒന്നു കുറഞ്ഞിട്ടുണ്ടെന്ന് പറയാതെ വയ്യ. ജീവിത യാത്രയുടെ വഴികളും പുതിയ ഇഷ്ടങ്ങളും ഗന്ധര്‍വ്വനു മീതേ ചിറകു വിരിച്ചു കിടക്കുന്നു...
പഴയ കനലുകള്‍ ഊതി പെരുപ്പിക്കണം. അപരനും, ഒരിടത്തൊരു ഫയല്‍വാനും, ഞാന്‍ ഗന്ധര്‍വ്വനും ഇനിയും കാണണം. 
എന്‍റെ പ്രിയപ്പെട്ട ഗന്ധര്‍വ്വന്, ഒരായിരം സ്നേഹം. പുഷ്പാഞ്ജലികളും.

No comments:

Post a Comment