Friday, February 7, 2014

എനിക്കിഷ്ടമാണ്, ജസീറാ നിങ്ങളുടെ ഭ്രാന്ത്..

എന്തിനാണ്, ആ സ്ത്രീ മനസ്സില്‍ വിലപിക്കുന്നത്...?
വ്യാവസായിക-സാംസ്കാരിക-രാഷ്ട്രീയ പ്രബുദ്ധന്‍മാരുടെ ഭ്രാന്തിനെ സ്വയം ഏറ്റു വാങ്ങിയതിനോ? 
ഞാനുറക്കെ പറയട്ടെ... നിങ്ങള്‍ക്ക് ഭ്രാന്താണ്...
സമകാലീക വ്യവസ്ഥയോട് കുട്ടികളുമായി പൊരുതാനിറങ്ങിയപ്പോള്‍ തുടങ്ങിയ ഭ്രാന്ത്.
പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുഞ്ഞിനെ സ്വന്തം പിതാവ് പോലും കൊത്തിക്കീറുന്ന ഇക്കാലത്ത് അവളെ പോരാട്ടവഴികളിലെല്ലാം ഒപ്പം നിര്‍ത്തിയതും ഭ്രാന്തു തന്നെ.
ഒരു കടല്‍ കരയെ വിഴുങ്ങിയാല്‍ നിങ്ങള്‍ക്കെന്താണ്, സ്ത്രീയേ...?
മണല്‍വാരിയാല്‍ നാളെ കടല്‍ കരയെ മറച്ചാല്‍ നിങ്ങള്‍ക്കതു പ്രശ്നമാകേണ്ട കാര്യം? അതൊക്കെ അന്നത്തെ തലമുറ നോക്കിക്കോളും. അവര്‍ അടുത്ത നാടു തേടി പൊക്കോളുമ്, അല്ലെങ്കില്‍ കരയില്‍ ഇരുന്ന് നഷ്ടപ്പെട്ടതിന്‍റെ കണക്കെടുത്തോളും. നിങ്ങളവിടെ നിന്നും ദൂരേയ്ക്കു പോകൂ സ്ത്രീയേ...
നിങ്ങളുടെ കുട്ടികള്‍ ഇനി ശിശുക്ഷേമ വകുപ്പില്‍ കിടന്നു കരയട്ടെ.
അവിടെ സനാഥരായിട്ടും അനാഥരായ എത്രയോ ബാല്യങ്ങളുണ്ട്, ഒരു ഭ്രാന്തിയുടെ മക്കളായിഒടുങ്ങുന്നതിലും ഭേദം അതു തന്നെ.
അഞ്ചു ലക്ഷവും അതിന്‍റെ ഒപ്പം നിരവധി പൂജ്യങ്ങളും ചേര്‍ന്ന സ്വത്തുണ്ടായിട്ടും അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കാതെ റോഡില്‍ ഷോ വയ്ക്കുന്നവര്‍ക്കു കൊടുക്കുന്നവര്‍ക്ക് നിന്‍റെ ഭ്രാന്ത് മനസിലാവില്ല.
പത്രത്തില്‍ കോളമെഴുതി അതുരക്കെ വായിച്ച് സ്വയം ചിരിക്കുന്നവര്‍ക്കും നിന്‍റെ ഭ്രാന്ത് മനസ്സിലാവില്ല...
കാരണം അവരൊക്കെ സാധാരണക്കാരാണ്, വെറും നിസ്സാരന്‍മാര്‍...
നീയാണ്, ഭ്രാന്തി.
പക്ഷേ എനിക്കിഷ്ടമാണ്, ജസീറാ നിങ്ങളുടെ ഭ്രാന്ത്...

No comments:

Post a Comment