Friday, February 7, 2014

എല്‍ പി സ്കൂള്‍ ദിനങ്ങള്‍



ഒരു പാട്ടില്‍ ഒരു ലോകം കാണുക എന്തു രസമായിരിക്കുമല്ലേ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 1983 എന്ന സിനിമയിലെ പാട്ടാണ്, കണ്ണില്‍.

"ഓലഞ്ഞാലി കുരുവീ
ഇളം കാറ്റിലാടി വരുനീ
കൂട്ടു കൂടി കിണുങ്ങി
മിഴി പീലി മെല്ലെ തഴുകീ..."
യൂണിഫോമുടുത്ത് മഴ നനയുകയും ക്രിക്കറ്റു കളിക്കുകയും ചെയ്യുന്ന ബാല്യ കൌമാരങ്ങളുടെ ആഘോഷം. 
1983 ആ വര്‍ഷം ഓര്‍മ്മകളിലില്ലാതെ കഴിയില്ലല്ലോ. എണ്‍പത്തി മൂന്നിലെ തണുത്ത ക്രിസ്തുമസ് രാവുകളിലൊന്നിലാണ്, ഞാന്‍ ലോകം കണ്ടത്. പിന്നെ വര്‍ഷങ്ങള്‍ക്കപ്പുറം സ്കൂളിലെ ആദ്യ ദിനം. എല്‍ കെ ജി, യു കെ ജി ഇംഗ്ലീഷ് മീഡിയത്തിലിരുന്നതിന്‍റെ അഹങ്കാരവുമായി നാട്ടിന്‍പുറത്തെ എല്‍ പി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത്. ആര്‍ക്കും ഒന്നും മനസ്സിലാക്കാനാകാതെ ഒടുവില്‍ പതിയെ പതിയെ മലയാളത്തിലേയ്ക്ക് ചേക്കേറുമ്പോള്‍ ആ സ്കൂള്‍ ഞാനിഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. വീട്ടില്‍ നിന്ന് സ്കൂളിലേയ്ക്ക് ആറു മിനിറ്റ് നടക്കാനേയുള്ളൂ. അതുകൊണ്ട് ഉച്ചയ്ക്ക് ഊണ്, വീട്ടില്‍ പോയാണ്. പക്ഷേ വഴിയില്‍ നില്‍ക്കുന്ന വട്ട മരങ്ങളില്‍ വലിഞ്ഞു പിടിച്ച് വലിയ ഇല പറിച്ച് ആദ്യമോടുന്നത് സ്കൂളിലേയ്ക്കു തന്നെയാണ്, പയറു വാങ്ങാന്‍. എന്തു സ്വാദായിരുന്നു ആ പയറു തോരന്. പിന്നീടൊരിക്കലും മറ്റൊരു പയര്‍ തോരനും ആ സ്വാദ് എനിക്കു കിട്ടിയിട്ടില്ല. ചില ദിവസങ്ങളില്‍ രണ്ടു കയ്യിലും മാറി മാറി വാങ്ങിക്കും. ഒരിക്കല്‍ ഹെഡ്മാസ്റ്റര്‍ അതു കണ്ടു പിടിച്ച് നല്ല വഴക്കും കിട്ടി. പക്ഷേ ആ ഉച്ചയോര്‍മ്മ അതൊരനുഭവമായിരുന്നു.

അതേ ഹെഡ്മാസ്റ്ററില്‍ നിന്ന് നിറയെ അടികിട്ടിയതും മറന്നിട്ടില്ല. രണ്ടാം ക്ലാസ്സില്‍ മലയാളം പുസ്തകം എടുക്കാന്‍ മറന്നു പോയതെന്താണെന്ന് ഇപ്പോഴും ഓര്‍മ്മയില്ല. പക്ഷേ കൊണ്ടുപോയില്ല. പുസ്തകം കൊണ്ടു വരാത്തവര്‍ക്കെല്ലാം കിട്ടി തുടയില്‍ അഞ്ചോ ആറോ അടി വീതം. അന്നു പഠിപ്പിച്ച കഥ ഇപ്പോഴും ഓര്‍മ്മയുണ്ട്. മാമ്പഴത്തിനായി രണ്ടു കൂട്ടുകാര്‍ അടിയുണ്ടാക്കി അത് ഒരു കാക്ക തട്ടിയെടുത്തു കൊണ്ടു പോയ കഥ.

മരത്തില്‍ പിടിച്ചു കൊണ്ടുള്ള കളികളായിരുന്നു പ്രധാന കളികള്‍. പിന്നെ കല്ലെടുത്ത് എറിഞ്ഞുള്ള ചക്ക കളി. സിനിമാ പേരു കളി. ഡ്രില്‍ പീരീഡില്‍ ക്യൂ ആയി നിന്ന് എക്സര്‍സൈസുകള്‍ ...
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ട്യൂഷനെടുത്തിരുന്ന ബീന ചേച്ചിയുടെ പ്രണയലേഖനം തൊട്ടടുത്ത വീട്ടിലെ ചേട്ടന്, എത്തിച്ചു കൊടുക്കുന്നതും ഞാനയിരുന്നു. പക്ഷേ അന്നത് പ്രണയലേഖനമായിരുന്നെന്നോ അവര്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നോ മനസ്സിലായിരുന്നില്ല. 

ഒരിക്കലും മറക്കാനാകാത്ത മറ്റൊന്ന് ചെവിയില്‍ പാഞ്ഞു കയറിയ ഒരു വണ്ടാണ്. രാത്രിയില്‍ കെവിയിലൂടെ എന്തോ അരിക്കുന്നതായേ തോന്നിയുള്ളൂ. പക്ഷേ പെട്ടെന്നു തന്നെ അത് അവിടിരുന്ന് കാറാന്‍ തുടങ്ങി. വേദന കൊണ്ട് പുളഞ്ഞു. ഇപ്പോള്‍ മരിക്കുമെന്ന് തോന്നി. പാതി രാത്രിയില്‍ എന്നെയുമെടുത്ത് അച്ഛന്‍ എവിടെയൊക്കെയോ ഓടി. ആശുപത്രിയില്‍ ചെന്ന് ചെവിയില്‍ വെള്ളമൊഴിച്ച് കുറച്ചു നേരം നിര്‍ത്തി. വണ്ട് അവിടിരുന്ന ചത്തു പോയെന്നും അത് തന്നെ പുറത്തു പൊക്കോളുമെന്നും ഡോക്ടര്‍ പറഞ്ഞെങ്കിലും അന്നു തൊട്ട് ഇന്നു വരെ ചെവി ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ മാറിയിട്ടില്ല.

എല്‍ പി സ്കൂള്‍ കാലം അങ്ങനെയാണ്, മറ്റു കാലം പോലെ അല്ല. മനസ്സില്‍ ഇങ്ങനെ തറഞ്ഞിരിക്കും. മുള്ളു പോലെ.  

No comments:

Post a Comment