Friday, February 7, 2014

ഒരു കുഞ്ഞോര്‍മ്മ




കുട്ടിക്കാലത്ത് ധാരളം പറമ്പുണ്ടായിരുന്ന വീടിന്‍റെ ഒരറ്റത്തു നിന്നു നോക്കിയാല്‍ അങ്ങു ദൂരെ മലകള്‍ കാണാം. തൊട്ടു താഴെ പാടം, തെങ്ങിന്‍ തോപ്പുകള്‍, പച്ചപ്പുള്ള പറമ്പ്, രാവിലെ മഞ്ഞുള്ള ദിവസമാണെങ്കില്‍ എട്ടുകാലി വലയില്‍ മുത്തു കോര്‍ത്ത പോലെ മഞ്ഞുതുള്ളികള്‍ . അവയെ തൊടാതെ മാറി നിന്ന് നോക്കും. പൊക്കം കുറവുള്ള ഗൌളീ പാത്രത്തെങ്ങിന്‍റെ ചാഞ്ഞു നില്‍ക്കുന്ന ഓലത്തുമ്പില്‍ ഊഞ്ഞാലാടുമ്പോള്‍ ലോകം എനിക്കു നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ ചിരിക്കും. സ്കൂളിലെ പാഠപുസ്തകത്തില്‍ പഠിച്ച ആലീസും കുഞ്ഞാടും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. ഒരു ആലീസും കുറച്ച് ആടുകളും. എന്നും വൈകിട്ട് ആലീസ് അവറ്റകളെ കൂട്ടി പറമ്പിലിറങ്ങും. അതു കണ്ടിട്ടാണോ എല്‍ പി സ്കൂളിലെ ആ മാഷ് ആ പാഠം എഴുതിയതെന്ന് സ്വയം ചോദിച്ചു.
ഒരിക്കല്‍ ചാഞ്ഞ ഓലത്തുമ്പില്‍ ഊയലാടുമ്പോള്‍ ഓലമടലൊടിഞ്ഞ് തെങ്ങിന്‍ കുഴിയില്‍ ദേ കിടക്കുന്നു...
നട്ടെല്ലിടിച്ച് വീണപ്പോഴും ശ്വാസം കിട്ടാതെ പിടഞ്ഞപ്പോഴും ആലീസ് അതുകണ്ട് ഒടി വന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോഴും ഒന്നുമറിഞ്ഞില്ല. അതൊരു സൂചനയായിരുന്നുവെന്ന്. അന്നവിടെ നട്ടെല്ലിടിച്ച് കുഴിയില്‍ വീണത് ഞാനായിരുന്നെങ്കിലും ആ മാസത്തിനുമെത്രയോ അടുത്ത് ആ വര്‍ഷം തന്നെയാണ്, അതോ ആ ദിനമോ....(എനിക്കറിയില്ല) നീയും...........
ഒരു കല്ലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നിനക്കു പകരം ഞാനായിരുന്നേനെ...
നീയത് തട്ടിയെടുക്കുകയായിരുന്നോ...
ജീവിത യാത്രയില്‍ എന്നെ കൂടെ കൂട്ടാന്‍ വേണ്ടി?

വാര്‍ദ്ധക്യത്തിന്‍റെ വരെ ഓരോ തുടിപ്പിലും ചിരിച്ച്, കഥകള്‍ പറഞ്ഞ്, വെറുതേ പിണങ്ങി... ഒരു ചുടലപ്പറമ്പിന്‍റെ ഒരറ്റത്ത് രണ്ട് പുഷ്പങ്ങളായി കൊഴിഞ്ഞു വീഴാനുള്ള മോഹം...

ചെറിയ പിണക്കങ്ങളില്‍ നീ മുഖം മറച്ച് നില്‍ക്കുമ്പോള്‍ വാരിയെടുത്ത് കൊഞ്ചിക്കാന്‍ തോന്നുന്ന ഒരു അമ്മമനസ്സ്... അതു നിനക്കു മാത്രമായി മാറ്റി വച്ചിരിക്കുകയാണ്...

No comments:

Post a Comment