Friday, February 14, 2014

പ്രണയത്തില്‍ നീ എങ്ങനെയെന്നോ...?


തേരി ആംഖോം കെ സിവാ ദുനിയാ മേം രഖാ ക്യ ഹേ...`
നിന്റെ മിഴികള്‍ക്കുമപ്പുറം ഈ ലോകത്തില്‍ എന്താണ്‌... മറ്റൊന്നും എന്നില്‍ പ്രധാനമല്ല നീ എന്നില്‍ പടര്‍ന്നിരിക്കുന്നിടത്തോളം... പ്രിയനേ.......

പലതവണ ഞാന്‍ അന്വേഷിച്ചു നീ എങ്ങനെ എന്നിലേയ്‌ക്ക്‌ ഇത്രയധികം ചാഞ്ഞിരിക്കുന്നു എന്ന്‌. ഒടുവില്‍ ഞാന്‍ കണ്ടെത്തിയ ഉത്തരം കേള്‍ക്കണ്ടേ നിനക്ക്‌...!
നിന്നിലുള്ള സ്‌െ്രെതണത എന്നിലുള്ള പൌരുഷവുമായി കാഴ്‌ച്ചയില്‍ സമരസപ്പെടുമ്പോള്‍ ...
ഒടുങ്ങാത്ത കൊഞ്ചിക്കലുകളുമായി നീ തലോടുകയും ഉറച്ച ധൈര്യവുമായി ഞാന്‍ നിന്‍റെ കൈകളാവുകയും ചെയ്യുമ്പോള്‍ ...
പ്രണയത്തിന്റെ വേലിയേറ്റങ്ങളുമായി നീയൊരു പുരുഷനാവുകയും ഞാനതില്‍ തിരയടിച്ചുലയുന്ന പെണ്ണായി മാറുകയും ചെയ്യുമ്പോള്‍ ...
എങ്ങനെയൊക്കെയാണ്‌, നാം തമ്മില്‍ ഒന്നായിരിക്കുന്നത്‌...
എന്നിലുള്ള വിടവുകളെ നീ ചേര്‍ത്തടയ്‌ക്കുമ്പോള്‍ ഞാന്‍ നീയാനെന്നോ നീ ഞാനാണെന്നോ തിരിച്ചറിയാനാകാതെ ഒരൊറ്റ ബോധത്തില്‍ നാം തെന്നി നീങ്ങുന്നു...

വ്യത്യസ്‌തതകള്‍ക്കിടയിലും നിന്നിലുള്ള പൌരുഷവും എന്നിലെ സ്‌ത്രീത്വവും പരസ്‌പരം പൂരകങ്ങളായിരിക്കുന്നു...
എത്ര മനോഹരമായാണ്‌, ഈ വ്യതിരിക്തതകള്‍ പ്രകൃതി നമ്മില്‍ കൂട്ടി യോജിപ്പിച്ചത്‌...
ഒന്നില്ലെങ്കില്‍ മറ്റൊന്നില്ലാത്തതു പോലെ നാമത്രയും ആഴങ്ങളിലേയ്‌ക്ക്‌ അലിഞ്ഞു പോയിരിക്കുന്നു...

നിന്‍റെ ചിത എന്റേതു കൂടിയാകുന്നു...
നിന്‍റെ ആത്മാവിന്‍റെ പൂര്‍ണത എന്‍റേതും കൂടിയാകുന്നു...
നിന്‍റെ മൗനം എന്‍റെ പ്രണയമാകുന്നു...
ആനന്ദം ഭക്തിയാകുന്നു...
ഞാന്‍ നിന്നെ പ്രണയിക്കുന്നു...
പ്രിയനേ നീ എന്നിലേയ്‌ക്ക്‌ ഉറ്റു നോക്കി ശാന്തനായിരിക്കുക...
നിന്റെ പുഞ്ചിരികള്‍ എന്നിലൂടെ പെയ്യട്ടെ... ലോകം കവിഞ്ഞ്‌ അത്‌ ഒഴുകട്ടെ...
കവികള്‍ അതില്‍ മഴി തൊട്ട്‌ കവിതകളെഴുതട്ടെ..
ചിത്രകാരന്‍ പ്രണയത്തെ ക്യാന്‍വാസില്‍ പകര്‍ത്തട്ടെ...
അങ്ങനെ നീയും ഞാനും ഉടല്‍ വിട്ട്‌ പ്രണയമായി ഉലകം നിറയട്ടെ...

Monday, February 10, 2014

ഞങ്ങളുടെ ചുന്ദരി പൂച്ച



അവള്‍, ഞങ്ങളുടെ ചുന്ദരി പൂച്ച കുടുംബത്തിലെ ഒരംഗമായിട്ട് രണ്ടര വര്‍ഷമായിരിക്കുന്നു. അവളുടെ രണ്ട് സഹോദരങ്ങളോടും അമ്മയോടും ഒപ്പം കയറി വന്നപ്പോള്‍ കുസൃതിക്കാരിയായ കുഞ്ഞായിരുന്നു അവള്‍. ഫെയ്സ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍ , മൂന്ന് പേര്‍ക്കും പേരിട്ടു. വെളുത്തു മെലിഞ്ഞവള്‍ ഫെയ്സ്ബുക്ക് അവള്‍ നല്ല സോഷ്യലാണ്. നന്നായി ഇടപെടാം. മറ്റേതു രണ്ടും മനുഷ്യനെ അടുപ്പിക്കില്ല. എങ്കിലും പതുക്കെ പതുക്കെ അടുത്തു വരുമ്പോള്‍ ഓടില്ലെന്നായി. ഒരിക്കല്‍ അവരുടെ അമ്മയുടെ കരച്ചില്‍ കിണറിന്‍റെ പടിയില്‍ നിന്ന് കേട്ടപ്പോഴേ എന്തോ സംശയം തോന്നി നോക്കിയപ്പോഴാണ്, ഓര്‍ക്കുട്ട് അതാ കിണറ്റില്‍ കിടക്കുന്നു. അനങ്ങുന്നില്ല. ഒരു മിനിറ്റ് എന്താ ചെയ്യുക എന്നറിയാതെ നിന്നു, ഒന്നൂടെ നോക്കിയപ്പോഴുണ്ട് ആള്, നീന്തുന്നു. അങ്ങോട്ടും ഇങ്ങോട്ടും നീന്തി പോവുകയാണ്. പിന്നെ ഒരു നിമിഷം വൈകിയില്ല, കയറിട്ട് തൊട്ടി താഴ്ത്തി നോക്കി, ഒരു രക്ഷയുമില്ല, കുറച്ച് വലിപ്പം വച്ചതു കൊണ്ട് അവള്‍ അതില്‍ കയറുന്നില്ല. അടുത്ത വീട്ടില്‍ പോയി കുട്ട എടുത്തു കയറില്‍ കെട്ടി ഇട്ടു, പക്ഷേ കയറി ഒങ്ങുന്നതിനു മുന്‍പ് വശം ചരിഞ്ഞ് പിന്നെയും വീഴുന്നു.
സങ്കടത്തിന്‍റെ നിമിഷങ്ങള്‍ ഉള്ളില്‍ ചുര മാന്തിക്കൊണ്ടിരിക്കുകയാണ്. കടന്നു പോകുന്ന ഓരോ സമയവും അവളുടെ ശ്വാസത്തെ മരവിപ്പിച്ചു കൊണ്ടിരിക്കുക്യാണെന്ന് ഓര്‍മ്മ എപ്പൊഴോ എന്നെയും മരവിപ്പിച്ചു.
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് നീളമുള്ള ഒരു ബക്കറ്റ് എടുത്ത് കെട്ടി താഴ്ത്തി. ഒരു അഞ്ചു മിനിറ്റ് പിന്നെയും പരിശ്രമിച്ചു, ഭാഗ്യം വെള്ളത്തോടൊപ്പം ഓര്‍ക്കുട്ടും അതില്‍ കയറി. മുകളില്‍ വന്ന് തൊട്ട് നോക്കിയപ്പോള്‍ ശ്വാസമുണ്ട്. വെള്ളം തോര്‍ത്തിക്കളഞ്ഞ് വെയിലത്ത് കൊണ്ടു വച്ചു. രക്ഷപെടുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല.............
പിന്നെയും ദിവസങ്ങള്‍ പൊഴിഞ്ഞു വീണു... ഫെയ്സ്ബുക്കും ട്വിറ്ററും എല്ലാം അലച്ചിലുകള്‍ക്കൊടുവില്‍ എവിടെയോ ചേക്കേറി, ബാക്കിയായത് അവള്‍ ... ഓര്‍ക്കുട്ട്...
പിന്നെ അവളുടെ പേരു മാറ്റി ചുന്ദരി എന്നാക്കി... അവള്‍ ഒരു സുന്ദരി തന്നെ ആയിരുന്നു താനും.
ഇന്നിപ്പോള്‍ എത്ര മൈന്‍ഡ് ചെയ്യാതെ ഉറങുമ്പോഴും , "ചുന്ദരീ........ "എന്നൊന്ന് വിളിച്ചാല്‍ കണ്ണു പോലും തുറക്കാതെ അവളുടെ ഒരു കിന്നാരമുണ്ട്... "ങും......." എന്ന്...
കൊഞ്ചിക്കപ്പെടണമെന്ന് തോന്നുമ്പോള്‍ അടുത്തു വന്ന് വെട്ടിയിട്ട പോലെ ചരിഞ്ഞ് ഒരു കിടത്തവും.
ചിലപ്പോഴൊക്കെ ഞങ്ങളുടെ മകളായും കൂട്ടുകാരിയായും അവള്‍ അവളുടെ അടുത്ത പ്രസവവും നോക്കി ഇരിക്കുന്നു. അവള്‍ക്ക് പ്രസവിച്ചാല്‍ മതിയല്ലോ, നോക്കുന്നത് ഞങ്ങളല്ലേ........

Friday, February 7, 2014

എനിക്കിഷ്ടമാണ്, ജസീറാ നിങ്ങളുടെ ഭ്രാന്ത്..

എന്തിനാണ്, ആ സ്ത്രീ മനസ്സില്‍ വിലപിക്കുന്നത്...?
വ്യാവസായിക-സാംസ്കാരിക-രാഷ്ട്രീയ പ്രബുദ്ധന്‍മാരുടെ ഭ്രാന്തിനെ സ്വയം ഏറ്റു വാങ്ങിയതിനോ? 
ഞാനുറക്കെ പറയട്ടെ... നിങ്ങള്‍ക്ക് ഭ്രാന്താണ്...
സമകാലീക വ്യവസ്ഥയോട് കുട്ടികളുമായി പൊരുതാനിറങ്ങിയപ്പോള്‍ തുടങ്ങിയ ഭ്രാന്ത്.
പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുഞ്ഞിനെ സ്വന്തം പിതാവ് പോലും കൊത്തിക്കീറുന്ന ഇക്കാലത്ത് അവളെ പോരാട്ടവഴികളിലെല്ലാം ഒപ്പം നിര്‍ത്തിയതും ഭ്രാന്തു തന്നെ.
ഒരു കടല്‍ കരയെ വിഴുങ്ങിയാല്‍ നിങ്ങള്‍ക്കെന്താണ്, സ്ത്രീയേ...?
മണല്‍വാരിയാല്‍ നാളെ കടല്‍ കരയെ മറച്ചാല്‍ നിങ്ങള്‍ക്കതു പ്രശ്നമാകേണ്ട കാര്യം? അതൊക്കെ അന്നത്തെ തലമുറ നോക്കിക്കോളും. അവര്‍ അടുത്ത നാടു തേടി പൊക്കോളുമ്, അല്ലെങ്കില്‍ കരയില്‍ ഇരുന്ന് നഷ്ടപ്പെട്ടതിന്‍റെ കണക്കെടുത്തോളും. നിങ്ങളവിടെ നിന്നും ദൂരേയ്ക്കു പോകൂ സ്ത്രീയേ...
നിങ്ങളുടെ കുട്ടികള്‍ ഇനി ശിശുക്ഷേമ വകുപ്പില്‍ കിടന്നു കരയട്ടെ.
അവിടെ സനാഥരായിട്ടും അനാഥരായ എത്രയോ ബാല്യങ്ങളുണ്ട്, ഒരു ഭ്രാന്തിയുടെ മക്കളായിഒടുങ്ങുന്നതിലും ഭേദം അതു തന്നെ.
അഞ്ചു ലക്ഷവും അതിന്‍റെ ഒപ്പം നിരവധി പൂജ്യങ്ങളും ചേര്‍ന്ന സ്വത്തുണ്ടായിട്ടും അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കാതെ റോഡില്‍ ഷോ വയ്ക്കുന്നവര്‍ക്കു കൊടുക്കുന്നവര്‍ക്ക് നിന്‍റെ ഭ്രാന്ത് മനസിലാവില്ല.
പത്രത്തില്‍ കോളമെഴുതി അതുരക്കെ വായിച്ച് സ്വയം ചിരിക്കുന്നവര്‍ക്കും നിന്‍റെ ഭ്രാന്ത് മനസ്സിലാവില്ല...
കാരണം അവരൊക്കെ സാധാരണക്കാരാണ്, വെറും നിസ്സാരന്‍മാര്‍...
നീയാണ്, ഭ്രാന്തി.
പക്ഷേ എനിക്കിഷ്ടമാണ്, ജസീറാ നിങ്ങളുടെ ഭ്രാന്ത്...

ഒരു കൂവല്‍ തരുന്നത്




കൂയ്യ് യ് യ് യ്
പലപ്പോഴും തോന്നാറുണ്ട് ഒന്ന് ഉറക്കെ കൂവാന്‍. ഒരു പൊതു വേദിയില്‍, ചിലപ്പോള്‍ ചില ബോറന്‍ തമാശകള്‍ കേള്‍ക്കുമ്പോഴൊക്കെ, പക്ഷേ ആരോ പിന്നില്‍ നിന്നും വലിക്കുന്നു.
"പെങ്കുട്ടികള്‍ കൂവാറൊന്നുമില്ല" ആരാണ്, പറയുന്നതെന്ന് ശ്രദ്ധിച്ചില്ല പക്ഷേ ആരോ ഉള്ളില്‍ നിന്ന് അതിങ്ങനെ വിളിച്ച് പറയുന്നുണ്ട്. മിക്കപ്പോഴും ആ വിളിച്ചു പറയുന്നവ വ്യക്തിത്വത്തിന്‍റെ തണലിലാണെങ്കിലും ചിലപ്പോള്‍ ആ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ ഞാന്‍ സ്വാതന്ത്ര്യം പ്രാപിക്കാറുണ്ട്.
കാറില്‍ പ്രിയപ്പെട്ടവനോടൊപ്പം പോകുമ്പോള്‍ ആ അസ്വാതന്ത്ര്യത്തിന്‍റെ ചങ്ങലക്കെട്ടുകളെ വലിച്ചെറിയും എന്നിട്ട് ഉറക്കെ കൂവും .. കൂഊഊഊഊഊഊഊഒ

വഴിയരികില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്ന ചേട്ടന്‍മാരെ കണ്ടാല്‍ , ഉറക്കെ, "എന്താ ചേട്ടാ പൊതുവഴിയല്ലേ" എന്നുറക്കെ ചോദിക്കും.

അത്യാവശ്യം ജനത്തിരക്കുള്ള പരിധിയിലെത്തുന്ന നേരത്ത് പ്രിയപ്പെട്ടവന്‍റെ കവിളില്‍ ഒന്നു ഉമ്മ വയ്ക്കും.

ഇത്തരം കലഹങ്ങളൊക്കെ നേടിത്തരുന്ന ഒരു സ്വാതന്ത്ര്യത്തിന്‍റെ ആനന്ദമുണ്ട്.  പുരുഷനു മാത്രം പറഞ്ഞു വച്ചിരിക്കുന്ന കൂവലും വഴിയരികിലെ മൂത്രമൊഴിയുമൊക്കെ ചോദ്യം ചെയ്യുന്നതിന്‍റെ ത്രില്ലുണ്ട്. ചിലപ്പോഴൊക്കെ പഞ്ചായത്തില്‍ മരുന്നിനു പോലും ഒരു ടോയ്യിലറ്റ് ഉണ്ടാക്കീയിടാത്ത സര്‍ക്കാരോടുള്ള ദേഷ്യവും. അല്ല എന്തിനാണ്, നാട്ടുകാരെ കുറ്റം പറയുന്നതല്ലേ, പരസ്യമായി കാര്യം സാധിക്കുന്നതിനുമുണ്ട് ഒരു സുഖം. ആ അനിയന്ത്രിതമായ ഉടച്ചു വാര്‍ക്കലാണല്ലോ ഒരു കൂവലിലൂടെയും ഒരു ഉമ്മയിലൂടെയുമൊക്കെ തിരിച്ചെടുക്കുന്നത്.

പ്രിയ ഗന്ധര്‍വ്വനെ തേടി




എന്നുമുതലാണ്, ആ പേര്, ശ്രദ്ധിക്കാന്‍ തുടങ്ങിയത്... സാഹിത്യത്തിന്‍റെ പഠന ക്ലാസ്സുകളില്‍ സര്‍ പറഞ്ഞ ഒരു കഥയുണ്ട് പി പദ്മരാജനെ കുറിച്ച്. തന്‍റെ ചിത്രങ്ങളിലുള്ള ലൈംഗികതയുടെ കാഴ്ച്ച അത് സിനിമയ്ക്കു അനുയോജ്യമായതു തന്നെ ആണെന്ന്. ഇതുപോലെയുള്ല സിനിമകളില്‍ മകനെ കൊണ്ടു പോകുന്നത് എന്തെന്നുള്ള ആരുടേയോ ചോദ്യത്തിന്, അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രേ, നല്ലതും ചീത്തയും കണ്ടു തന്നെ കുട്ടികള്‍ വളരണം. മറച്ചു വയ്ക്കേണ്ട ഒന്നല്ല ലൈംഗിക വിദ്യാഭ്യാസം. അതിന്‍റെ കുറവ് നമ്മുടെ നാട്ടില്‍ കാണുവാനുമുണ്ട്, അതുകൊണ്ടു തന്നെ ആ വാക്കുകള്‍ എന്തോ മനസ്സില്‍ വല്ലാതെ തറഞ്ഞു. പണ്ട് ഓര്‍മ്മയുറയ്ക്കും മുന്‍പ് ഒരിടത്തൊരു ഫയല്‍വാന്‍ , ദേശാടനക്കിളി കരയാറില്ല(കഥ) , തിങ്കളാഴ്ച്ച നല്ല ദിവസം എന്നിവയൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഓര്‍മ്മകളില്‍ അത്ര സുഖമുള്ള മുഖമില്ല.

പിന്നീട് പലതിന്‍റേയും ആവര്‍ത്തന കാഴ്ച്ചയില്‍ പലതും നിറഞ്ഞു. ബുദ്ധിജീവിസത്തിന്‍റെ വല്ലാത്തൊരു താഴ്വരയിലായിരുന്നല്ലോ അന്ന് ഞങ്ങളില്‍ പലരും. അവിടുന്നും ഇവിടുന്നുമൊക്കെ വിഡ്ഡീ, മന്ദബുദ്ധീ എന്നീ വിളികളൊക്കെ എടുത്തു കളയുവാന്‍ കണ്ടുപിടിച്ചൊരു മാര്‍ഗ്ഗമായിരുന്നു ആ കപടബുദ്ധിജീവിത്തവും.അതിനിടയിലേയ്ക്കാണ്, പദ്മരാജന്‍ എന്ന ജീനിയസ് കടന്നു വന്നത്.
പിന്നീട് മറ്റെവിടെയോ വച്ച് "ഞാന്‍ ഗന്ധര്‍വ്വന്‍" കാണുമ്പോള്‍ ഓര്‍ത്തത് അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ചായിരുന്നു. എന്‍റെ കൌമാരം അദ്ധേഹത്തിന്‍റെ നല്ല സിനിമകളില്‍ അലിയിക്കാന്‍ കഴിയാത്തതോര്‍ത്തു വിഷമിച്ചു ഏറെ. 

ഗന്ധര്‍വ്വനായി ഭൂമിയില്‍ ചില സമയങ്ങളില്‍ ചില ജന്‍മങ്ങള്‍ പെയ്തിറങ്ങും. പലതും ചെയ്യും. അവയിലൊക്കെ ദൈവത്തിന്‍റെ കയ്യൊപ്പുമുണ്ടാകും. പാവം മനുഷ്യ ഹൃദയങ്ങളിലേയ്ക്ക് അവയൊക്കെയും തറഞ്ഞിറങ്ങുകയും ചെയ്യും. പിന്നീട് ആരോടും പറയതെ പെട്ടെന്നൊരു ദിവസം അങ്ങു മറഞ്ഞു പോകും. നാലാം യാമത്തിലെ കാറ്റ് വന്ന ഗന്ധര്‍വ്വനെ അപ്രത്യക്ഷ്നാക്കിയതു പോലെ അവര്‍ പിന്നെ പ്രത്യക്ഷരാവില്ല...
ആ ഇഷ്ടത്തിന്‍റെ ആഴത്തിലാണ്, പദ്മരാജന്‍റെ ഭാര്യ രാധാലക്ഷമി ചേച്ചിയെ പരിചയപ്പെടുന്നത്. കണിക്കൊന്നയുടെ ഒരു പ്രോഗ്രാമിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ വരുകയും ചെയ്തു. ഒന്നു തൊടാന്‍ കൊതിയായിരുന്നു കണ്ടപ്പോള്‍. ഗന്ധര്‍വ്വനെ തൊടുന്ന അതേ ഇഷ്ടത്തോടെയും കരുതലോടെയും അദ്ദേഹത്തിന്‍റെ പത്നിയേയും തൊട്ടു. പലപ്പോഴും ഫോണില്‍ സംസാരിക്കുമ്പോള്‍ ശബ്ദമിടറി. പ്രിയപ്പെട്ട പുസ്തകം ഒപ്പിട്ടു നല്‍കിയപ്പോള്‍ ഹൃദയം നിറഞ്ഞു.

അന്നാദ്യമായിരുന്നു ആ വീട്ടില്‍ ഞാന്‍ കാലു വച്ചത്. ചന്ദനത്തിന്‍റെ മണമുള്ള ഒരു കാറ്റ് അവിടൊക്കെ കരങ്ങി നടക്കുന്നുണ്ടെന്‍ സംശയം തോന്നി. രാധചേച്ചിയോടൊപ്പം പദ്മരാജന്‍ മാഷുടെ വീട്ടില്‍...
മതിലില്‍ പടര്‍ന്നു നില്‍ക്കുന്ന ചെടിയില്‍ ആ കൈവിരല്‍ സ്പര്‍ശം ഉണ്ടാകില്ലേ...
റോസാ ചെടിയില്‍ ആ നിശ്വാസമുണ്ടാകില്ലേ...
ഓരോന്നും കണ്ടത് കണ്ണുകൊണ്ടായിരുന്നില്ല.. ഹൃദയം കൊണ്ടായിരുന്നു. 
പിന്നെ എത്ര നാള്‍
തൂവാനത്തുമ്പികളും സീസണും, അരപ്പട്ട കെട്ടിയ ഗ്രാമത്തിലും ഒക്കെ കറങ്ങി നടന്നു പിന്നീട്...
പഴയ ഇഷ്ടം ഒന്നു കുറഞ്ഞിട്ടുണ്ടെന്ന് പറയാതെ വയ്യ. ജീവിത യാത്രയുടെ വഴികളും പുതിയ ഇഷ്ടങ്ങളും ഗന്ധര്‍വ്വനു മീതേ ചിറകു വിരിച്ചു കിടക്കുന്നു...
പഴയ കനലുകള്‍ ഊതി പെരുപ്പിക്കണം. അപരനും, ഒരിടത്തൊരു ഫയല്‍വാനും, ഞാന്‍ ഗന്ധര്‍വ്വനും ഇനിയും കാണണം. 
എന്‍റെ പ്രിയപ്പെട്ട ഗന്ധര്‍വ്വന്, ഒരായിരം സ്നേഹം. പുഷ്പാഞ്ജലികളും.

എന്താണ്, പെണ്ണേ നീ...



എന്താണ്, ഒരു പെണ്ണ്...
സ്വയം ഒരു സ്ത്രീ ആയി നിന്നുകൊണ്ട് എങ്ങനെ അതിനുത്തരം പറയും? സ്ത്രീ അറിയുന്ന പുരുഷനല്ലേ അതിനു മറുപടി പറയാന്‍ യോഗ്യന്‍?

അല്ലാ.... എന്ന് ഉറക്കെ പറയട്ടെ...
രഹസ്യങ്ങളുടെ വലിയ താക്കോല്‍ക്കൂട്ടവും പേറി ജീവിക്കുന്നവരാണ്, സ്ത്രീകള്‍ , സ്ത്രീയെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.. ഇങ്ങനെ എത്രയോ പറച്ചിലുകള്‍...

അവനും അവളും തമ്മിലുള്ള ചില വ്യതിയാനങ്ങള്‍ അതിലാണ്, രണ്ടു വ്യക്തിത്വങ്ങളും നിലനില്‍ക്കുന്നത്. ആണ്, ആണാകുന്നതും പെണ്ണു പെണ്ണാകുന്നതും അങ്ങനെ തന്നെ. അവളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ചില മര്യാദകള്‍ ,കുറവുകള്‍ , വിലങ്ങുകള്‍ ഇതൊക്കെ തന്നെയാകാം അവളെ ഇത്ര രഹസ്യരൂപിയാക്കിയതും. മറയ്ക്കപ്പെട്ടിരിക്കുന്ന ശരീരവും ആ രഹസ്യത്തെ ബലപ്പെടുത്തുന്നു.

എന്തുകൊണ്ടാണ്, പെണ്‍ശരീരങ്ങള്‍ മറയ്ക്കപ്പെടുന്നത്. നാട്ടിന്‍പുറങ്ങളിലെ വീടുകളിലും റോഡിലും വരെ ഷര്‍ട്ട് ഇടാതെ മുണ്ട് മടക്കി കുത്തി ആണ്‍പ്രജകള്‍ ധൈര്യ സമേതം നടക്കുന്നു. എന്താ പെണ്ണിന്, വൈകാരികതയില്ലേ?
ഇല്ലെന്നാണ്, വയ്പ്പ്. അതു ഒരു പരിധി വരെ (ചിലരിലൊഴിച്ച്) ശരിയുമാണ്. ആണ്‍ശരീരങ്ങള്‍ പെണ്‍മനസ്സിനെ അങ്ങനെ ഉത്തേജിപ്പിക്കാറില്ല. അതുകൊണ്ടു തന്നെ ധൈര്യത്തോടെ നടക്കുന്ന പുരുഷന്, അവള്‍ നല്‍കിയ ദയയാണ്, ഈ പാതിനഗ്നത. തിരിച്ചൊരു ചോദ്യം ഉണ്ടാകാനും വയ്യ. എന്നിട്ടും എവിടെയൊക്കെയോ കത്തിപ്പ്ടരുന്നു. ചില സ്ത്രീകള്‍ പ്രശ്നക്കാരാകുന്നു. 
ചിലര്‍ വളര്‍ന്നു വന്ന അന്തരീക്ഷം, ജീവിതം നല്‍കുന്ന അനുഭവങ്ങള്‍ ഇവയൊക്കെ വഴി മാറ്റി വിട്ടേക്കാം. എന്നാല്‍ ധാര്‍ഷ്ട്യത്തോടെ അഹങ്കരിക്കുന്ന ഒരു സ്ത്രീ തന്നെയാണ്, അവളുടെ കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും ബാദ്ധ്യത. 

വീടിനു വിളക്കാകുമ്പോള്‍ ഇത്രയും തെളിഞ്ഞു കത്തുന്ന മറ്റൊന്നില്ല പെണ്ണിനെ പോലെ. എന്നാല്‍ പകയും വിദ്വേഷവും ഇളക്കിയെടുത്ത് ചിതറിത്തെറിക്കുന്ന അവളെ പോലെ സംഹാരവും ചെയ്യാന്‍ മറ്റാര്‍ക്കും കഴിവില്ല. പല കുടുംബങ്ങളിലും ചീറ്റലുകള്‍ നടക്കാറുണ്ട്, പല കുടുമ്+ബങ്ങളും നേരിട്ട് കണ്ടു എന്ന അനുഭവം വച്ചു നോക്കിയാല്‍ സ്ത്രീയുടെ സംസാരത്തിലും പ്രവൃത്തിയിലുമുള്ള പ്രശ്നം തന്നെയാണ്, വില്ലന്‍. ഒപ്പത്തിനൊപ്പം നില്‍ക്കുന്നത് സമാനമനസ്കരുമായിട്ടാവണം. തന്നെ അപമാനിക്കുന്ന, സ്നേഹിക്കാത്ത ഒരു പുരുഷനെ കൂടെ കൂട്ടാഅന്‍ ആരും നിര്‍ബന്ധിക്കില്ല, അങ്ങനെ വേദനിക്കുന്നവരുമുണ്ട്. പക്ഷേ ചെറിയ പ്രശ്നങ്ങള്‍ക്കു വരെ ആവശ്യമില്ലാതെ കലഹിക്കുന്ന സ്ത്രീ തന്നെയാണ്, ഒരു കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് ആദ്യ വെടിമരുന്നിടുന്നത്.

ആദ്യ പ്രണയത്തില്‍ വിരിഞ്ഞത്...

ആദ്യ പ്രണയം എന്നു പറയാനാകുമോ? സ്കൂള്‍ പഠന കാലത്ത് തോന്നിയ ഇഷ്ടത്തെ ഒരു ചങ്കിടിപ്പ് മാത്രമായി ഒതുക്കിയതു കൊണ്ടു തന്നെ പ്രണയം എന്ന വാക്കില്‍ അത് എത്തിപ്പെടുന്നേയില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ആദ്യമായി മനസ്സിനെ തിരിച്ചറിഞ്ഞത്. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള അതി തീവ്രമായ ആഗ്രഹം. ഏത്ര ഒതുക്കി വച്ചാലും അതിങ്ങനെ മുല്ലവള്ളി പോലെ പടര്‍ന്നു കയറുകയാണ്. ചിലപ്പോള്‍ ഹൃദയത്തില്‍ വേരുകളാഴ്ത്തുകയാണ്. ആ സമയത്താണ്, അയാള്‍ ആ അമ്പലമുറ്റത്ത് വന്ന് നീട്ടി വിളിച്ചത് "ഗൌരിക്കുട്ടീ" എന്ന്.
ക്ഷേത്രവും പരിസരവുമായി അപാരമായ ഒരു ഹൃദയബന്ധം അല്ലെങ്കില്‍ തന്നെ ഉണ്ടായിരുന്നു. പിന്നീട് ദീപാരാധനയുടെ തിളക്കത്തിനിടയിലൂടെ എന്നെ മാത്രം നോക്കുന്ന രണ്ടു കണ്ണുകളില്‍ ആരാധനയാണോ ഇഷ്ടമാണോ എന്തെന്നറിയാത്ത ഒരു ഭാവം. 

ചങ്കിടിപ്പ് കൂട്ടുന്ന രണ്ട് കണ്ണുകളല്ലാതെ മറ്റൊന്നും ആ പ്രണയം അവശേഷിപ്പിച്ചില്ല. ഒരു വരി പോലും മിണ്ടിയില്ല, ഒരു പാട്ടു പോലും പരസ്പരം പാടിയുമില്ല. അമ്പലമുറ്റത്തു ഉരുകി തീര്‍ന്ന ഒരു ഇഷ്ടം.  എപ്പൊഴോ എങ്ങനെയോ അതലിഞ്ഞു പോയി. പ്രണയം ഹൃദയത്തില്‍ നിന്ന് കുടിയിറങ്ങുന്നില്ല എന്ന മരവിപ്പോടെ കാലം പിന്നെയും കടന്നു പോകുന്നു.

പിന്നെയുമെത്ര മുഖങ്ങള്‍ .പുസ്തകത്താളിലെ കവിതകള്‍ താളത്തില്‍ ഉറക്കെ വായിച്ച് പ്രനയം തോന്നിപ്പിച്ച അദ്ധ്യാപകന്‍ , അതിനെ പ്രണയമെന്ന് വിളിക്കാന്‍ വയ്യ. ആരാധനയായിരുന്നില്ലേ അത്... വീണ്ടും വീണ്ടും കേള്‍ക്കാന്‍ മാത്രമായിരുന്നു മോഹം ഉയര്‍ന്ന ഒച്ചയില്‍ ആ കവിത ബാലന്‍ മാഷിന്‍റെ
 "ചൂറ്റാതെ പോയി നീ നിനക്കായ് ഞാന്‍ 
ചോര ചറി ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍ ..."
എത്ര നാള്‍ നടന്നു ആരുമില്ലെങ്കിലും ഹൃദയത്തില്‍ കിനിഞ്ഞിറങ്ങുന്ന ആ തണുപ്പുമായി...
വഴിപോക്ക്കരായി വന്നു കയറിയവരെല്ലാം വെറുതേ നോവിച്ചിട്ട് ഒന്നും മിണ്ടാതെ പടിയിറങ്ങിപ്പോയി. മിണ്ടാത്തത് അവരോ അതോ എന്നിലെ നിസ്സംഗയയ ഒരുവളോ എന്നറിയില്ല.
എപ്പൊഴും പ്രണയത്തെ കുറിച്ച് ഉറക്കെ സംസാരിക്കുന്ന ഒരുവള്‍ക്ക് അതിനെ കുറിച്ച് ആധികാരികമായി എഴുതാന്‍ അറിയില്ലെന്നു വനനല്‍ ... സത്യമാണ്...
പ്രണയിക്കുവാനല്ലാതെ, അതില്‍ തീരുവാനല്ലാതെ അതേ കുറിച്ച് രണ്ടു വാക്കെഴുതുവാന്‍ എനിക്കറിയില്ല. ആത്മാവിലുണ്ട്... അക്ഷരങ്ങളില്‍ പോലും വരാത്ത ഒരു ഉള്‍വേദന... എത്ര കിട്ടിയാലും മതിവരാത്ത ഒരു അത്യഗ്രഹിയുടെ വേദന.